ഗവേഷണരംഗത്ത് അഭിരമിക്കാനുള്ള താത്പര്യവും അധ്വാന ശീലവും ഭാവനയും തുറന്ന മനസ്സുമുള്ളവർക്ക് വിഹരിക്കുവാൻ പറ്റിയ മേഖലയാണു നാനോ സയൻസ്. ഇന്നലെ വരെ ശൈശവ ദിശയിലുണ്ടായിരുന്ന ഈ ശാസ്ത്ര സാങ്കേതിക വിദ്യയുടെ സാധ്യതകൾ കടലോളം വിശാലമാണ്.
അതിനാൽ തന്നെ നാനോ സയൻസിലെ ഉന്നത പഠനം ഉയരങ്ങളെ കീഴടക്കുവാൻ പര്യാപ്തമായി മാറുമെന്നുള്ളതിനു പക്ഷാന്തരമില്ല.
ദ്രവ്യത്തെ അതിൻറ്റെ പരമാണുതലത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ്‌ നാനോ ടെക്നോളജി. പരമാണു തലം എന്നാൽ ഒരു മൈക്രോ മീറ്ററിൽ താഴെ എന്നാണ്‌.
ഈ അളവിൽ ഉള്ള സുക്ഷ്മ യന്ത്രങ്ങളുടെ നിർമ്മാണം അവയുടെ പരിരക്ഷ തുടങ്ങിയവയും നാനോ ടെക്നോളജിയുടെ പരിധിയിൽ വരുന്നു. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നാനോ ടെക്നോളജി ഒരു പ്രത്യേക ശാസ്ത്ര ശാഖയുടെ കീഴിൽ വരുന്നില്ല എന്നതാണ്‌.
ഇതിൽ നിന്നു കിട്ടുന്ന ഗവേഷണ ഫലങ്ങൾ എല്ലാ ശാസ്ത്ര മേഖലകൾക്കും ഗുണം ചെയ്യും.
ദ്രവ്യത്തെ നാനോതലത്തിൽ ചെറുതായി പരുവപ്പെടുത്തുമ്പോൾ അത് ഭൌതിക-കാന്തിക-രാസ മാറ്റങ്ങൾക്ക് വിധേയമാകും.
ഇങ്ങനെ നാനോ അവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പ്രയോജനപ്പെടുത്തി നവീനവും കാര്യക്ഷമതയുള്ളതുമായ ഉത്പന്നങ്ങൾ നിർമിക്കുക എന്നതാണ് നാനോ സാങ്കേതിക വിദ്യയുടെ പ്രധാന ലക്ഷ്യം.
നാനോ മീറ്റർ എന്നതിൻറ്റെ ചുരുക്ക രൂപമാണ് നാനോ എന്ന് അറിയപ്പെടുന്നത്.
ഒരു മീറ്ററിൻ്റെ നൂറുകോടിയിൽ ഒരംശം ആണ് ഒരു നാനോമീറ്റർ.
ദ്രവ്യത്തിൻറ്റെ നാനോ മീറ്റർ തലത്തിലുള്ള സ്വഭാവവും പെരുമാറ്റവും പഠന വിധേയമാക്കുന്ന ശാസ്ത്ര ശാഖയാണ് നാനോ സയൻസ്. 1 നാ. മീ. മുതൽ 100 നാ. മീ. വരെയാണ് ഇതിൻ്റെ പരിധിയിൽ വരുന്നത്. നാനോ സയൻസിനെ അവലംബിച്ച് ഉത്പന്നങ്ങളും സേവനങ്ങളും സാധ്യമാക്കുമ്പോൾ അതിനെ നാനോ സാങ്കേതികവിദ്യ എന്നു പറയുന്നു. വിവിധ അടിസ്ഥാന ശാസ്ത്ര ശാഖകളുമായി ചേർത്തും ഈ രംഗത്ത് പഠന ഗവേഷണങ്ങൾ നടക്കുന്നുണ്ട്.
ഉദാ. നാനോ ഫിസിക്സ്, നാനോ കെമിസ്ട്രി, നാനോ ബയോളജി.
ഇതു കൂടാതെ ചില എഞ്ചിനീയറിങ് വിഷയങ്ങളുമായി സംയോജിപ്പിച്ചുള്ള (ഇൻ്റഗ്രേറ്റഡ്) പഠനവും മുന്നേറുന്നുണ്ട്.
ഉദാ. നാനോ മെറ്റീരിയൽസ്, നാനോ റോബോട്ടിക്സ്, നാനോ ട്രൈബോളജി, നാനോ ബയോടെക്നോളജി, ഫോറൻസിക് നാനോ ടെക്നോളജി തുടങ്ങിയവ.

വരുംകാലത്ത് ഉപേക്ഷിക്കാൻ പറ്റാത്ത ഒന്നായി നാനോടെക്നോളജി മാറിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ശാസ്ത്രത്തിന്റെ ഏത് മേഖലയെടുത്താലും അവിടെയെല്ലാം നാനോടെക്നോളജിയുടെ പ്രാധാന്യം ശാസ്ത്രജ്ഞൻമാർ മനസ്സിലാക്കിയെടുത്തെന്നു വേണം പറയാൻ

നാനോ ടെക്നോളജി എവിടെയൊക്കെ പഠിക്കാം?

നാനോ ടെക്നോളജിയിൽ ബിരുദാനന്തരബിരുദവും ഗവേഷണവും ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ലോകത്ത് നിരവധി അവസരങ്ങളാണുള്ളത്. വ്യത്യസ്ത സ്പെഷലൈസേഷനോടെ ഒട്ടേറെ സ്ഥാപനങ്ങളാണ് അമേരിക്കയിലുള്ളത്. നാനോടെക്നോളജിയിൽ കൂടുതൽ സ്ഥാപനങ്ങളുള്ളതും അമേരിക്കയിൽ തന്നെ.

സിംഗപ്പൂരിലുള്ള എൻയുഎസ് എന്ന സ്ഥാപനത്തിൽ ഈ വിഷയത്തിൽ ഗവേഷണം നടത്താനും പി.ജി. ചെയ്യാനും അവസരമുണ്ട്. ഓസ്ട്രേലിയ, കാനഡ, ജർമനി തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പ്രധാനപ്പെട്ട സ്ഥാപനങ്ങളും കോഴ്സുകൾ നടത്തുന്നുണ്ട്.

പഠനം ഇന്ത്യയിൽ

നാനോടെക്നോളജിയിൽ ഗവേഷണവും എംടെക്കും ചെയ്യാൻ കഴിയുന്ന ഒട്ടേറെ സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്. എന്നാൽ മേൻമയും പ്ലേസ്മെന്റും നോക്കിവേണം ഓരോസ്ഥാപനങ്ങളും തിരഞ്ഞെടുക്കാൻ.

എംടെക്കും ഗവേഷണവും ചെയ്യാൻ കഴിയുന്ന പ്രധാന സ്ഥാപനങ്ങൾ നോക്കാം.

എൻ.ഐ.ടി. കോഴിക്കോട് (എം.ടെക്. നാനോടെക്നോളജി)
ജാമിയ മില്യ ന്യൂഡൽഹി (എം.ടെക്. നാനോടെക്നോളജി)
ഐ.ഐ.ടി. റൂർക്കി (എം.ടെക്., പിഎച്ച്.ഡി. നാനോടെക്നോളജി)
ഐ.ഐ.എസ്.സി. (എം.ടെക്., പിഎച്ച്.ഡി. നാനോസയൻസ് ആൻഡ് എഞ്ചിനിയറിങ്)
എൻ.ഐ.ടി. ഭോപ്പാൽ (എം.ടെക്. നാനോടെക്നോളജി)
എൻ.ഐ.ടി. കുരുക്ഷേത്ര (എം.ടെക്. നാനോടെക്നോളജി)
എം.എ.എൻ.ഐ.ടി. ഭോപ്പാൽ (എം.ടെക്. നാനോടെക്നോളജി)
ഐ.ഐ.ടി. പട്ന (എം.ടെക്. നാനോടെക്നോളജി)
അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നാനോടെക്നോളജിയിൽ എം.ടെക്. കോഴ്സ് നടത്തിവരുന്നു.
അമിറ്റി സർവകാലശാലയിലെ നോയ്ഡ, ഗുർഗാൻ, ജയ്പുർ എന്നീ കാമ്പസുകളിൽ നാനോസയൻസ്, നാനോടെക്നോളജിയിൽ എം.ടെക്., ബി.ടെക്. കോഴ്സുകളുണ്ട്. അണ്ണാ സർവകലാശയിലെ തിരുച്ചിറപ്പള്ളി, തിരുനൽവേലി കാമ്പസുകളിൽ നാനോ സയൻസ് ആൻഡ് ടെക്നോളജിയിൽ ബി.ടെക്., എം.ടെക്. കോഴ്സുകൾ നടത്തുന്നു.

രാജസ്ഥാൻ സർവകലാശാല, വെല്ലൂരിലെ വിഐടി സർവലാശാല, പട്നയിലെ ആര്യഭട്ട നോളജ് സർവകലാശാല, ഭോപ്പാലിലെ ബർക്കതുള്ള സർവകലാശാല, തഞ്ചാവൂർ ശാസ്ത്ര സർവകലാശാല, പഞ്ചാബിലെ ശ്രീ ഗുരു ഗ്രാന്ത് സാഹിബ് സർവകലാശാല എന്നിവിടങ്ങളിലും എ.ടെക്. കോഴ്സുകളുണ്ട്.

കർണാടകയിലെ ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോജി, ചെന്നൈയിലെ എസ്.ആർ.എം. സർവകലാശാല എന്നിവിടങ്ങളിൽ ബി.ടെക്. കോഴ്സുമുണ്ട്. മുംബൈ സർവലാശാലയിൽ നാനോസയൻസ് ആൻഡ് നാനോടെക്നോളജിയിൽ എം.ഫിൽ. ചെയ്യാനും അവസരമുണ്ട്. നാനോടെക്നോളജിയിലോ നാനോസയൻസിലോ ബിരുദാനന്തരബിരുദം ചെയ്യാൻ അവസരം ഇന്ത്യയിലുണ്ട്.

അമിറ്റി സർവകലാശാല നോയ്ഡ (എം.എസ്സി. നാനോസയൻസ്)
ജവഹർലാൽ നെഹ്രു ടെക്നോളജിക്കൽ സർവകലാശാല ഹൈദരാബാദ് (എം.എസ്സി. നാനോസയൻസ് ആൻഡ് ടെക്നോളജി).
ഇതിൽ ഗവേഷണവും എം.ടെക്കും ചെയ്യാൻ ഇവിടെ അവസരമുണ്ട്.

പഠനം കേരളത്തിൽ

കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാനോടെക്നോളജി പഠനകേന്ദ്രം. നാനോസയൻസിലും ടെക്നോളജിയിലും എം.ടെക്കും ഗവേഷണവും നടത്താൻ ഇവിടെ അവസരമുണ്ട്.
വിലാസം: സ്കൂൾ ഓഫ് സയൻസ് ആൻഡ് ടെക്നോളജി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്, പിൻ-673601

കേരള യൂണിവേഴ്സിറ്റിയിൽഈ വിഷയത്തിൽ എം.ഫിൽ., ഗവേഷണം എന്നിവ നടത്താൻ അവസരമുണ്ട്. വിലാസം: സെന്റർ ഫോർ നാനോസയൻസ് ആൻഡ് നാനോ ടെക്നോളജി, യൂണിവേഴ്സിറ്റി ഓഫ് കേരള, കാര്യവട്ടം, തിരുവനന്തപുരം-695581

മഹാത്മാഗാന്ധി സർവകലാശാലയിലെനാനോസയൻസ് ആൻഡ് നാനോടെക്നോളജി വിഭാഗം എം.എസ്., എം.എഫിൽ., പിജി ഡിപ്ലോമ (ഈവനിങ് കോഴ്സ്) കോഴ്സുകൾ നടത്തിവരുന്നു.
വിലാസം: സെന്റർ ഫോർ നാനോസയൻസ് ആൻഡ് നാനോടെക്നോളജി, മഹാത്മഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ്, കോട്ടയം-686560

കാലിക്കറ്റ് സർവകലാശാലയിലെ നാനോസയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റ് എം.ടെക്., പിഎച്ച്.ഡി. പ്രോഗ്രാമുകൾ നടത്തുന്നു. എം.ടെക്കിന് പത്ത് സീറ്റുകളാണുള്ളത്. നാനോസയൻസ് ആൻഡ് ടെക്നോളജി, ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ്, മെറ്റീരിയൽസ് സയൻസ്, കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, പോളിമർ കെമിസ്ട്രി വിഷയങ്ങളിൽ ഏതിലെങ്കിലും 55 ശതമാനം മാർക്കോടെ എം.എസ്സി. ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.
വിലാസം: ഡിപ്പാർട്ട്മെന്റ് ഓഫ് നാനോസയൻസ് ആൻഡ് ടെക്നോളജി, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, തേഞ്ഞിപ്പലം-673635.

കൊച്ചി അമൃത സെന്റർ ഫോർ നാനോസയൻസിൽവ്യത്യസ്ത സ്പെഷലൈസേഷനോടെ എം.ടെക്ക് കോഴ്സുകളുണ്ട്. മോളിക്കുലാർ മെഡിസിൻ, നാനോമെഡിസിൻ, നാനോടെക്നോളജി ആൻഡ് റിനുവബിൾ എനർജി എന്നീ മേഖലകളിലാണ് എം.ടെക്. കോഴ്സുകൾ.
വിലാസം: അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, അമൃത വിശ്വവിദ്യാപീഠം, എഐഎംഎസ്, കൊച്ചി-682041

കണ്ണൂർ സർവകലാശാലയുടെകീഴിൽ പ്രവർത്തിക്കുന്ന കൂത്തുപറമ്പ് നിർമലഗിരി കോളേജിലെ ഫിസിക്സ് പഠനവകുപ്പ് നാനോടെക്നോളജിയിൽ പി.ജി. ഡിപ്ലോമ കോഴ്സ് നടത്തുന്നു. ഫിസിക്സ്, കെമിസ്ട്രി, മെറ്റീരിയൽ സയൻസ്/ലൈഫ് സയൻസ് വിഷയങ്ങളിൽ ഏതിലെങ്കിലും 55 ശതമാനം മാർക്കോടെ (എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 50 ശതമാനം) എം.എസ്സി./എം.എസ്. യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. വിലാസം: നിർമലഗിരി കോളേജ്, നിർമലഗിരി.പി.ഒ., കണ്ണൂർ-670701.

Courtesy:
മുജീബുല്ല KM
സിജി ഇൻറർനാഷനൽ
കരിയർ R&D കോർഡിനേറ്റർ