നീറ്റ് യു.ജി: മെഡിക്കൽ പ്രവേശനത്തിനുള്ള ഏക പരീക്ഷ -ആശങ്കയില്ലാതെ പരീക്ഷ എഴുതാം

2020 ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി, സെപ്തംബർ 13 ന് ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ നടക്കുകയാണ്. ഒ.എം.ആർ രീതിയിൽ നടത്തുന്ന പരീക്ഷയ്ക്ക് ഫിസിക്സ് (45 ചോദ്യങ്ങൾ), കെമിസ്ട്രി (45), ബയോളജി (ബോട്ടണി, സുവോളജി – 90 ) എന്നീ വിഷയങ്ങളിൽ നിന്നും മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ഓരോശരിയുത്തരത്തിനും 4 മാർക്ക്. ഒരു ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നഷ്ടപ്പെടും. പരമാവധി മാർക്ക് 720.

എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.യു.എം.എസ്, ബി.എസ്.എം.എസ്, ബി.എച്ച്.എം.എസ് കോഴ്സുകളിലെ പ്രവേശനത്തിന് നീറ്റ് ബാധകമാണ്. വിദേശ മെഡിക്കൽ പഠനത്തിനും നീറ്റ് യുജി യോഗ്യത നേടണം. ബി.വി.എസ്.സി & എ.എച്ച് കോഴ്സിലെ 15% അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലെ പ്രവേശനവും നീറ്റ് അടിസ്ഥാനത്തിലാണ് നടത്തിവരുന്നത്.

കേരളത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന അഗ്രിക്കൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററനറി ബിരുദപ്രോഗ്രാമുകളിലെ പ്രവേശനവും നീറ്റ് യു.ജി. റാങ്ക്/സ്കോർ പരിഗണിച്ചാണ്.

അഡ്മിറ്റ് കാർഡ് … മൂന്നു പേജുള്ളതാണ് അഡ്മിറ്റ് കാർഡ്. ആദ്യ പേജിൽ പരീക്ഷാ കേന്ദ്രത്തിൻ്റെ വിവരങ്ങളും കോവിഡ്- 19 അണ്ടർടേക്കിംഗും ആണ്. പരീക്ഷാർത്ഥികൾക്കുള്ള പ്രധാന നിർദ്ദേശങ്ങൾ രണ്ടാം പേജിലും, കോവിഡ് 19 അഡ്വൈസറി, മൂന്നാം പേജിലും. മൂന്നു പേജിൻ്റെയും വ്യക്തതയുള്ള പ്രിൻ്റ് ഔട്ട് A4 പേപ്പറിൽ എടുക്കണം.

പരീക്ഷാ കേന്ദ്രത്തിലേക്ക് ഇവ മാത്രം കൊണ്ടുപോവുക

* അഡ്മിറ്റ് കാർഡ്, അണ്ടർടേക്കിംഗ് സഹിതം. പരീക്ഷയ്ക്കു മുമ്പ് പൂരിപ്പിക്കേണ്ട ഭാഗങ്ങൾ പൂരിപ്പിച്ചു കൊണ്ടുപോകണം. അണ്ടർടേക്കിംഗിൽ ബാധകമായത് മാത്രം ടിക്കു ചെയ്യുക – അല്ലാത്തവ ഒന്നുo ചെയ്യേണ്ടതില്ല, ബ്ലാങ്കായി ഇടുക
* സർക്കാർ നൽകിയിട്ടുള്ള,
സാധുവായ, ഏതെങ്കിലും ഒറിജിനൽ ഫോട്ടോ തിരിച്ചറിയൽ കാർഡ് കൊണ്ടുപോകണം – പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐ.ഡി, പാസ്പോർട്ട്, ആധാർ കാർഡ്, ഇ-ആധാർ, ആധാർ എൻറോൾമൻ്റ് നമ്പർ, റേഷൻ കാർഡ്, 12-ാം ക്ലാസ് ബോർഡ് പരീക്ഷയുടെ അഡ്മിറ്റ്/ രജിസ്ട്രേഷൻ കാർഡ് തുടങ്ങിയവയിലൊന്നാകാം. ഏതായാലും, അതിൽ പരീക്ഷാർത്ഥിയുടെ ഫോട്ടോ നിർബന്ധമാണ് (പരീക്ഷാർത്ഥികൾക്കുള്ള നിർദ്ദേശങ്ങളിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്). തിരിച്ചറിയൽ കാർഡിൻ്റെ അറ്റസ്റ്റ് ചെയ്ത കോപ്പി, മൊബൈലിൽ ഉള്ള സ്കാൻ കോപ്പി എന്നിവ പറ്റില്ല
* സ്വന്തം ഉപയോഗത്തിന് വെളിച്ചം കയറുന്ന വാട്ടർബോട്ടൽ
* അറ്റൻഡൻസ് ഷീറ്റിൽ പതിപ്പിക്കാൻ, പരീക്ഷാർത്ഥിയുടെ ഒരു ഫോട്ടോ – അപേക്ഷയിൽ അപ് ലോഡു ചെയ്ത ഫോട്ടോയുടെ ഒരു കോപ്പി തന്നെ വേണം
* സ്വന്തം ഉപയോഗത്തിന് 50 മില്ലിലിറ്റർ ഹാൻഡ് സാനിട്ടെസർ
* മാസ്ക്, ഗ്ലൗസ്
* ബാധകമായവർക്ക് ഭിന്നശേഷി സർട്ടിഫിക്കറ്റ്, സ്ക്രൈബ് സംബന്ധ രേഖകൾ

വിദ്യാർത്ഥികൾക്ക് ആശങ്കയില്ലാതെ പരീക്ഷ അഭിമുഖീകരിക്കാനുള്ള സജ്ജീകരണങ്ങൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി കൈക്കൊണ്ടു കഴിഞ്ഞു.

സുരക്ഷാ കരുതലുകൾ…

പരീക്ഷാർത്ഥികൾ പരീക്ഷയ്ക്കിരിക്കുന്ന സ്ഥലം പരിപൂർണമായി അണുവിമുക്തമാക്കും. പരീക്ഷാകേന്ദ്രത്തിലെ മുറികളുടെ പിടികൾ, സ്റ്റെയർകേസ് റെയിലിംഗ്, ലിഫ്ട് ബട്ടൺ തുടങ്ങിയവയും രോഗാണുവിമുക്തമാക്കും. സീറ്റുകൾ തമ്മിൽ നിശ്ചിത അകലം ഉറപ്പാക്കും. പരീക്ഷാ കേന്ദ്രത്തിൻ്റെ പ്രവേശന കവാടത്തിലും അകത്ത് വിവിധ സ്ഥലങ്ങളിലും ഹാൻഡ് സാനിറ്റൈസർ ഉണ്ടാകും. താപനില അളക്കാൻ രജിസ്ട്രേഷൻ റൂമിൽ തെർമോ ഗൺ ഉണ്ടാകും. പരിശോധന (ഫ്രിസ്കിംഗ്) ഉൾപ്പടെ എല്ലാ പ്രക്രിയകളും സ്പർശന വിമുക്തമായിരിക്കും.

പരീക്ഷാർത്ഥി ചെയ്യേണ്ടത് …

* അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള സമയത്ത് മാത്രം പരീക്ഷാ കേന്ദ്രത്തിലെത്തുക. ആൾക്കൂട്ടം ഒഴിവാക്കാനും സാമൂഹ്യ അകലം പാലിക്കാനും ഇതു വഴി കഴിയും
* പരീക്ഷാകേന്ദ്രത്തിൻ്റെ കൃത്യസ്ഥാനം തലേ ദിവസം തന്നെ മനസ്സിലാക്കി വയ്ക്കുക.
* ഒന്നര മണി കഴിഞ്ഞ് പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല
* ആചാരപരമായ വസ്ത്രധാരണം നടത്തി വരുന്നവർ പരീക്ഷാ കേന്ദ്രത്തിൽ നേരത്തെ എത്തി പരിശോധനയ്ക്കു വിധേയമാകണം
* അഡ്മിറ്റ് കാർഡ്, അണ്ടർ ടേക്കിംഗ് എന്നിവ നിർദ്ദേശിക്കപ്പെട്ട രീതിയിൽ പൂരിപ്പിച്ചിരിക്കണം. പരീക്ഷാ ഹോളിൽ ചെയ്യേണ്ട കാര്യങ്ങൾ നേരത്തെ ചെയ്തു വയ്ക്കരുത്
* പരീക്ഷാ കേന്ദ്രത്തിൽ അനുവദനീയമായ സാമഗ്രികൾ മാത്രം കൊണ്ടു പോവുക
* മൊബൈൽ ഫോൺ, കാൽകുലേറ്റർ, ജ്യോമട്രി/പെൻസിൽ ബോക്സ്, പ്ലാസ്റ്റിക് പൗച്ച്, പേന, സ്കെയിൽ, റൈറ്റിംഗ് പാഡ്, എറേസർ, ലോഗരിതം ടേബിൾ മുതലായവ പറ്റില്ല
* വാലറ്റ്, ഹാൻഡ് ബാഗ്, ബൽട്ട്, ക്യാപ്പ് എന്നിവ പാടില്ല
* വാച്ച്/റിസ്റ്റ് വാച്ച്, ബേസ് ലറ്റ്, ഓർണമൻ്റ്സ്/മെറ്റാലിക് സാധനങ്ങൾ എന്നിവ ഒഴിവാക്കണം
* ഡ്രസ് കോഡ് പാലിക്കണം. നീണ്ട സ്ലീവ്സ് ഉള്ള വസ്ത്രം പാടില്ല. താഴ്ന്ന ഹീൽസുള്ള സ്ലിപ്പർ, സാൻഡൽസ് ഇടാം. ഷൂസ് പറ്റില്ല. കട്ടിയുള്ള സോൾ ഉള്ള ഷൂസ്/ചെരുപ്പ് ഇടരുത്. വലിയ ബട്ടണുകൾ വസ്ത്രങ്ങളിൽ പാടില്ല
* പരീക്ഷാ കേന്ദ്രത്തിലേക്കു പ്രവേശിക്കുമ്പോൾ മറ്റുള്ളവരുമായി 6 അടിയെങ്കിലും അകലം പാലിക്കുക
* പരീക്ഷാ കേന്ദ്രത്തിൽ നിന്നും നൽകുന്ന മാസ്ക് പരീക്ഷാ കേന്ദ്രത്തിൽ/ഹാളിൽ ധരിക്കുക
* സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ വൃത്തായാക്കിയ ശേഷം അറ്റൻഡൻസ് ഷീറ്റിൽ ഫോട്ടോ ഒട്ടിക്കുക, ഒപ്പിടേണ്ടിടത്ത് ഒപ്പിടുക
* പൂരിപ്പിച്ച അഡ്മിറ്റ് കാർഡ്, ഒ.എം.ആർ. ഷീറ്റ് (ഒറിജിനലും ഓഫീസ് കോപ്പിയും), പരീക്ഷയ്ക്കു ശേഷം,
ഇൻവിജിലേറ്റെ ഏൽപ്പിക്കണം. ടെസ്റ്റ് ബുക്ക്ലറ്റ് പരീക്ഷാർത്ഥിക്ക് കൊണ്ടു പോകാം.
* പരീക്ഷ കഴിയുമ്പോൾ ഓരോരുത്തരായി മാത്രം പുറത്തേക്കു പോവുക. പരീക്ഷാസമയമായ മൂന്നു മണിക്കൂറും കഴിഞ്ഞേ പുറത്തേക്കു പോകാനാകൂ